കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ആണ് ചുമത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്ഐആറിൽ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വിൽപ്പനയ്ക്കെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നുണ്ട്. എഫ്ഐആറിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
അതേസമയം പുലിപ്പല്ല് കേസിൽ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.


+ There are no comments
Add yours