*വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് മാറ്റി വച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലോൽസവം തൃശ്ശൂർ റൂറൽ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ഹൈകോടതി 16, 17 തിയ്യതികളിൽ നടത്താൻ ഉത്തരവ് പുറപ്പെടുവിച്ചു*.
24.01.2025 തിയ്യതി മുതൽ 28.01.2025 തിയ്യതി വരെ 2024-2025 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ കലോത്സവം തൃശൂർ റൂറൽ ജില്ലയിലെ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള വലിയപറമ്പിലുള്ള ഹോളിഗ്രേസ് കോളേജിൽ വച്ച് സ്റ്റേജ്, സ്റ്റേജ് ഇതര പരിപാടികൾ നടത്തി വന്നിരുന്നതും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 67 കോളേജിലെ 3000 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുള്ളതും ഓഫ് സ്റ്റേജ് മത്സരങ്ങൾ ക്ലാസ്സ് റൂമുകളിൽ നടന്നിട്ടുള്ളതും നിലവിൽ 4 സ്റ്റേജുകളിലായി മെയിൻ പരിപാടികൾ നടത്തി വന്നിരുന്നതും പരിപാടികളുടെ സമയ ദൈർഘ്യം നിമിത്തം ഒരു സ്റ്റേജ് കൂടി ഉൾപ്പെടുത്തി മൊത്തം 5 സ്റ്റേജുകളിലായി പരിപാടികൾ നടത്തി വന്നിരുന്നതുമാണ്.
27.01.2025 തിയ്യതി തീയ്യതി രാത്രിയിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഡി-സോൺ കലോൽസവം 28.01.2025 തിയ്യതി രാവിലെ നിർത്തി വച്ചിട്ടുള്ളതും തുടർന്ന് ബഹു. കേരള ഹൈക്കോടതിയിൽ ഡി സോൺ തുടർന്ന് നടത്തുന്നതിനെക്കുറിച്ച് നല്കിയ അപ്പീൽ പ്രാകരം ബഹു. ഹൈക്കോടതി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയോട് വിദ്യാർത്ഥി പ്രതിനിധികളെയും സംഘാടകരെയും ബന്ധപ്പെട്ട മറ്റ് എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മീറ്റിംഗ് നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യപ്പെട്ട പ്രകാരം ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS, 08.02.2025 തിയ്യതി കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധികളും SFI തൃശൂർ ജില്ലാ പ്രതി നിധികളും കാലിക്കറ്റ് യൂണിവെഴ്സിറ്റി സീൻ ശ്രീ. സുരേഷ് കുമാർ കെ, ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ഡോക്ടർ ജിയോ ബാബു, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ശ്രീ. ബെന്നി ജോൺ ഐനിക്കൽ, RDO ഇരിഞ്ഞാലക്കുട ശ്രീ M.C റെജിൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ നിത ഫാത്തിമ, ജനറൽ കൺവീനർ ശ്രീ. ഷറഫുദ്ദീൻ, ഡെപ്യൂട്ടി DMO, Dr. ഷീജ, മാള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ശാന്തി, ഫയർ ഫോഴ്സ് വകുപ്പിൽ നിന്നും ശ്രീ. നന്ദകൃഷ്ണൻ, ഡിയസോൺ പ്രോഗ്രാം കമ്മറ്റി ജോയിൻറ് സെക്രട്ടറി അനീഷ് ആൻറണി, ജില്ലാ ഇൻഫോർമേഷൻ ഓപീസർ ശ്രീ, വേലായുധൻ പികെ, തൃശൂർ റൂറൽ ജില്ലാ അഡീഷണൽ SP ശ്രീ, ഉല്ലാസ്, DySP മാരായ ശ്രീ, അബ്ദുൽ ബഷീർ, ശ്രീ,സുരേഷ്, മാള ISHO ശ്രീ,സജിൻ ശശി എന്നിവരും പങ്കെടുത്തിട്ടുള്ളതും തൃശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണ്.
1. ഫെബ്രുവരി 16, 17 തിയ്യതികളിൽ മാള ഹോളി ഗ്രേസ് കോളേജിൽ വച്ച് രാവിലെ 9 മണി മുതൽ വെകീട്ട് 5 മണി വരെ ഡി സോൺ കലോൽസവം പുനരാരംഭിക്കുന്നതിന് സമവായത്തിലെത്തിയിട്ടുള്ള താണ്.
2.പരിപാടി നാലു സ്റ്റേജുകളിൽ നടത്തുമെന്ന് തീരുമാനിച്ചിട്ടുള്ളതും പ്രവേശനവും പുറത്തുപോകലും പോലീസ് നിയന്ത്രിക്കുന്ന വഴി സിസ്റ്റം പ്രകാരം നടത്തപ്പെടും. പ്രവേശന നിയന്ത്രണം, ക്രോസ്-ചെക്കിംഗ്, Frisking എന്നിവ നടപ്പിലാക്കാൻ തീരുമാനിച്ചുകൊണ്ട് അത് പോലീസ് നേരിട്ട് നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.
3. ഓഡിയൻസിൻെറ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചു.
4. മേക്കപ്പ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളും യൂണിയൻ അഡ്വൈസർ (ആധ്യാപകർ) എന്നിവർക്ക് അനുയോജ്യമായ പാസ്/ഐഡി കാർഡ് അധികൃതർക്ക് നല്കണം.
5.. ജഡ്ജസിനെ സംബന്ധിച്ച് ഒരു തരത്തിലുള്ള ആരോപണങ്ങളും ഉണ്ടാകരുത്. മുതിർന്ന ജഡ്ജ് ഫലങ്ങൾ പ്രഖ്യാപിക്കും. പരിപാടിയിലുള്ള ജഡ്ജിമാരുടെ പട്ടിക ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, ഇരിങ്ങാലക്കുടയ്ക്കു് 3 ദിവസത്തിന് മുൻപ് കൈമാറണം.
6. ഒരു സംയുക്ത ആഭ്യന്തര കമ്മിറ്റിയെ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. കമ്മിറ്റിയിൽ KSU/MSF-SFI നിന്നും ഓരോവശത്ത് 5 വിദ്യാർത്ഥികളും ബന്ധപ്പെട്ട കോളേജുകളിൽ നിന്നുള്ള 10 അധ്യാപകരും പങ്കെടുക്കും. ഈ കമ്മിറ്റിയുടെ പ്രവർത്തനം പരിപാടി നടത്തിപ്പിനല്ലാതെ കലോത്സവത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മാത്രമാണ്. ഈ പ്രശ്നങ്ങൾ അപ്പീൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്നവയല്ല. കമ്മിറ്റിയുടെ ഇടപെടലിന് ശേഷം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരുന്നാൽ, അത് പൊലീസ് വകുപ്പിലേക്ക് റഫർ ചെയ്യണം. കുറ്റം ചെയ്തതായി തോന്നുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ക്രമസമാധാന ലംഘനത്തിൻെറ സാദ്ധ്യത ഉണ്ടാകുകയാണെങ്കിൽ, പോലീസ് ഉടനെ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. കമ്മിറ്റിയ്ക്കുള്ള അംഗങ്ങളുടെ പട്ടിക 14.02.2025 തിയ്യതിക്ക് മുൻപായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, ഇരിങ്ങാലക്കുടയ്ക്ക് സമർപ്പിക്കേണ്ടതാണ്.
7.ഡി സോൺ കലോത്സവത്തിൽ കുറ്റകൃത്യങ്ങളിലും കേസുകളിലും ഉൾപ്പെട്ടവരുടെ പേരുകൾ ഒഴിവാക്കിയുള്ള സംഘാടക സമിതിയുടെ പേരുകളുടെ പട്ടിക 14.02.2025 തിയ്യതിക്ക് മുൻപ് ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന് നൽകണം.
8.ഓർഗനൈസിങ് കമ്മിറ്റികൾ CCTV ക്യാമറകൾ എല്ലാ സ്റ്റേജുകളിലും, പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴികളിലും, മറ്റ് പ്രധാനമായ പ്രദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റാൾ ചെയ്യേണ്ടതാണെന്ന് തീരുമാനിച്ചു. ക്യാമറകളുടെ പ്രവർത്തനം പോലീസ് നിയന്ത്രിക്കും.
9.പ്രോഗ്രാം കമ്മിറ്റി/ഓർഗനൈസിംഗ് കമ്മിറ്റി, വൈകുന്നേരം 5 മണിക്ക് പ്രോഗ്രാം സമാപിക്കുന്ന വിധത്തിൽ പ്രോഗ്രാം പുനഃക്രമീകരിക്കുകയും പരിപാടി കൃത്യസമയത്ത് രാവിലെ 9 മണിക്ക് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
10.ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസറും മെഡിക്കൽ ടീമും (ഡോക്ടർ ഉൾപ്പെടെ) പരിപാടി സ്ഥലത്ത് ഉണ്ടായിരിക്കണം.
11.പരിപാടിയുടെ മുഴുവൻ സമയത്തും അപ്പീൽ കമ്മിറ്റി അംഗങ്ങൾ അവരുടെ നിയുക്ത സ്ഥലങ്ങളിൽ ഉണ്ടായിരിക്കണം.
12.വേദിയിൽ പ്രോഗ്രാം പൂർത്തിയാകുന്നതുവരെ Dean/Representative of Dean ഉണ്ടായിരിക്കണം.
13. കോളേജ് കോമ്പൌണ്ടിലും പരിസരത്തും അനധികൃത കടകളും വഴിയോര കച്ചവടക്കാരും അനുവദിക്കില്ല. പരിസരത്ത് നൽകുന്ന ഭക്ഷ്യവസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും പരിശോധിക്കണം.
14.പരിപാടിയുടെ ഭാഗമല്ലാത്ത പുറത്തുനിന്നുള്ള ആരെയും വേദിയിലേക്ക് പ്രവേശിപ്പിക്കാനോ വേദിയുടെ പരിസരത്ത് ഒത്തുകൂടാനോ അനുവദിക്കില്ല.
15.D-ZONE കലോൽസവവുമായി ബന്ധപ്പെട്ട് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പ്രതികളായിട്ടുള്ളവരോ ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളോ വേദിക്കുള്ളിലോ പരിസര പ്രദേശങ്ങളിലോ ഉണ്ടാകരുത്.
16.പ്രോഗ്രാം കമ്മിറ്റിയും, സബ്കമ്മിറ്റികളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഓർഗനൈസിങ് കമ്മിറ്റികൾ ഉറപ്പാക്കണം.
17.പരിപാടി (ഡി സോൺ കലോത്സവം) രാവിലെ 9.00 AM മുതൽ 5.00 PM വരെ നടത്തപ്പെടേണ്ടതാണ്. ഇതിനായി, പ്രോഗ്രാം കോർഡിനേറ്റർ 14.02.2025 തിയ്യതിക്ക് മുൻപ്, പരിപാടിയുടെ ഷെഡ്യൂൾ ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന് നൽകേണ്ടതാണ്.
യോഗത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS അവർകൾ ബഹു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച വസ്തുതകൾ എല്ലാം തന്നെ അംഗീകരിച്ചിട്ടുള്ളതും പോലീസ് സംരക്ഷണയിൽ 16.02.2025, 17.02.2025 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോൽസവം നടത്തുന്നതിന് ബഹു. കേരള ഹൈക്കോടതി സമർപ്പിച്ചിട്ടുള്ളതാണ്.


+ There are no comments
Add yours