സന്നിധാനം: തീർത്ഥാടനത്തിന്റെ പുണ്യനാളുകൾക്ക് തുടക്കംകുറിച്ച് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. നിയുക്ത തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിച്ചത്. ഇതിന് പിന്നാലെ പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും ഔദ്യോഗികമായി ചുമതലയേൽക്കും.
വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ; എ.ഐ ക്യാമറ നിരീക്ഷണം
തീർത്ഥാടകർക്ക് സുഗമമായ ദർശനമൊരുക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്തും പരിസരത്തുമായി ഒരുക്കിയിട്ടുള്ളത്. സുരക്ഷാ ചുമതലകൾക്കായി ഒരേസമയം 5,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ആറ് ഘട്ടങ്ങളിലായാണ് ഇവർക്ക് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് മുൻപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് പ്രധാന ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകളുടെ സേവനവും ഇത്തവണ പ്രയോജനപ്പെടുത്തുന്നുണ്ട്.
ലക്ഷ്യം മിനിറ്റിൽ 75 പേർ
ദർശനത്തിനായുള്ള ഭക്തരുടെ കാത്തുനിൽപ്പ് പരമാവധി കുറയ്ക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും. ഒരു മിനിറ്റിൽ 75 തീർത്ഥാടകരെയെങ്കിലും പതിനെട്ടാം പടി കയറ്റാനാണ് നിലവിൽ ലക്ഷ്യമിടുന്നതെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ വ്യക്തമാക്കി. മികച്ച ഏകോപനത്തോടെ ഇത്തവണത്തെ തീർത്ഥാടന കാലം പൂർത്തിയാക്കാനാണ് പോലീസും ദേവസ്വം ബോർഡും ലക്ഷ്യമിടുന്നത്.




+ There are no comments
Add yours