കൊച്ചി: ബി.എൽ.എം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന്റെ ഭാഗമായി ബി.എൽ.എം സ്ഥാപകനും എം.ഡിയുമായ ആർ. പ്രേംകുമാറിനും ഭാര്യ പ്രഭയ്ക്കും ഇ.ഡി സമൻസ് അയച്ചു. അടുത്ത മാസം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ 320-ഓളം ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയ അന്വേഷണ സംഘം, നേരത്തെ 102 കോടി രൂപയുടെ സ്വത്തുക്കൾ താത്കാലികമായി മരവിപ്പിച്ചിരുന്നു.
നിക്ഷേപത്തുക വകമാറ്റി വൻകിട സ്വത്തുക്കൾ വാങ്ങി
നിക്ഷേപകർ നൽകിയ പണം ചട്ടവിരുദ്ധമായി വകമാറ്റി സ്വന്തക്കാരുടെ പേരിൽ വൻകിട സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നാണ് ആർ. പ്രേംകുമാറിനെതിരായ പ്രധാന ആരോപണം. മൂന്നാറിലെ പ്രമുഖ റിസോർട്ടായ ‘വൈബ് റിസോർട്ടി’ന്റെ 60 ശതമാനം ഓഹരികളും പ്രേംകുമാറിന്റേതാണെന്നാണ് സൂചന. ഇതിനുപുറമെ രാഗം തിയേറ്ററും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ‘വിവിൻ ലക്ഷ്വറി സ്യൂട്ട്സ്’ എട്ടേകാൽ കോടി രൂപ നൽകി ഭാര്യ പ്രഭയുടെ പേരിലാണ് വാങ്ങിയത്. ഈ വൻകിട ഇടപാടുകൾക്ക് ഉപയോഗിച്ച പണത്തിന്റെ യഥാർത്ഥ ഉറവിടമാണ് ഇ.ഡി ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.
മുന്നൂറ് കോടിയുടെ തട്ടിപ്പ്; ക്രൈംബ്രാഞ്ച് നടപടി പാളി
മുന്നൂറ് കോടിയിലേറെ രൂപയുടെ വമ്പൻ നിക്ഷേപ തട്ടിപ്പാണ് ബി.എൽ.എം സ്ഥാപനത്തിന്റെ മറവിൽ നടന്നതെന്നാണ് പരാതി. കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് നേരത്തെ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അറസ്റ്റിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാൾക്ക് പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇ.ഡി അന്വേഷണം ആരംഭിച്ചത്.




+ There are no comments
Add yours