കൊച്ചി: സസ്പെൻഷനിലായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വാദം കേൾക്കൽ മാറ്റിവെച്ചത്. ഇതോടെ കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ കാത്തിരിപ്പ് നീളുകയാണ്.
‘മാപ്പ് പറഞ്ഞാൽ പരീക്ഷയെഴുതാം’; തള്ളി വിദ്യാർഥികൾ
വിദ്യാർഥികൾ മാപ്പ് പറഞ്ഞാൽ പരീക്ഷ എഴുതിപ്പിക്കാമെന്ന നിലപാടിലാണ് സർവകലാശാല. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർവകലാശാല കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. തങ്ങൾ തെറ്റ് ചെയ്തെന്ന് വരുത്തി തീർക്കാനുള്ള സർവകലാശാലയുടെ ബോധപൂർവ്വമായ ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പുതുക്കിയ ഹർജിയും മറുപടി സത്യവാങ്മൂലവും കോടതിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ചു.
നിരാഹാര സമരം പതിനഞ്ചാം ദിവസത്തിൽ
അതേസമയം, അന്യായമായ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാലടി സംസ്‌കൃത സർവകലാശാല ക്യാമ്പസിന് മുന്നിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിവകുമാർ, ശ്രദ്ധ, അതുല്യ എന്നീ മൂന്ന് വിദ്യാർഥികളാണ് നിലവിൽ ക്യാമ്പസിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. ഹർജിയിൽ നാളെ കോടതി സ്വീകരിക്കുന്ന നിലപാട് സമരത്തിൽ നിർണ്ണായകമാകും.




+ There are no comments
Add yours