കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണരുതെന്ന് ഹൈക്കോടതി. ബാറുകളിൽ പാട്ട് കേൾക്കാനോ നൃത്തം ചെയ്യാനോ പാടില്ലെന്ന് പറയാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.
‘രാത്രി ജീവിതം നിരോധിക്കാനാകുമോ?’
ആളുകൾ സന്തോഷിക്കാൻ വേണ്ടിയാണ് ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നത്. പള്ളികളിലും അമ്പലങ്ങളിലും ആളുകൾ നൃത്തം ചെയ്യാറില്ലേ എന്നും കോടതി ചോദിച്ചു. രാത്രി കാലങ്ങളിൽ സിനിമയ്ക്ക് പോകുന്നതൊഴിച്ചാൽ കേരളത്തിൽ മറ്റ് എന്താണ് ചെയ്യാനുള്ളത്? നൈറ്റ് ലൈഫ് (രാത്രി ജീവിതം) എങ്ങനെ നിരോധിക്കാൻ കഴിയുമെന്നും കോടതി ആരാഞ്ഞു.
ലഹരി ഉപയോഗത്തിൽ മുൻവിധി പാടില്ല
നൃത്തം ചെയ്യുന്നത് മയക്കുമരുന്ന് ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകും? മദ്യാസക്തി ബാറുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഡിജെ പാർട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നത് എന്ന മുൻവിധി പാടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ കൃത്യമായ വിശദീകരണം നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ അപ്പീൽ പരിഗണിക്കവെ കോടതിയുടെ പരാമർശം
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും കൊച്ചി സിറ്റി പൊലീസ് നേരത്തെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങൾ. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.




+ There are no comments
Add yours