തൃപ്രയാർ ഏകാദശി: പഴുതടച്ച സുരക്ഷാ ക്രമീകരണവുമായി തൃശ്ശൂർ റൂറൽ പോലീസ്
തൃപ്രയാർ: കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃപ്രയാർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 14,15 തിയതികളിൽ നടക്കുന്ന പ്രസിദ്ധമായ ഏകാദശി മഹോത്സവത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസ്.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി യുടെ മേൽനോട്ടത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ക്ഷേത്രനഗരിയിൽ ഒരുക്കിയിരിക്കുന്നതെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന ആഘോഷമായതിനാൽ ക്ഷേത്രപരിസരത്തെ ആറ് സെക്ടറുകളായി തിരിച്ചാണ് സുരക്ഷാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ സമർപ്പിക്കുന്നതിനും അനുഭവപ്പെടാറുള്ള വൻ തിരക്ക് കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായും സുരക്ഷിതമായും ഏകാദശിയിൽ പങ്കെടുത്ത് മടങ്ങാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മാല മോഷണം, പോക്കറ്റടി തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ക്ഷേത്രപരിസരമാകെ അത്യാധുനിക ഡ്രോൺ ക്യാമറകളുടെയും സി.സി.ടി.വി ശൃംഖലയുടെയും നിരീക്ഷണത്തിലായിരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പിങ്ക് പോലീസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. ലഹരിമരുന്ന് ഉപയോഗവും വിപണനവും തടയാൻ ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) മഫ്തിയിൽ നിരീക്ഷണം ശക്തമാക്കും.
തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ
നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം
24 മണിക്കൂർ പോലീസ് കൺട്രോൾ റൂം.
CCTV സർവൈലൻസ്.
മൊബൈൽ, ബൈക്ക് പട്രോളിംഗ്.
മഫ്തി പോലീസ്.
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.
വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങൾ.
സുരക്ഷയ്ക്കായി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് (ആന്റി സബോട്ടേജ് ചെക്കിംഗ്)
സുരക്ഷ ഉറപ്പാക്കാനായി തൃശ്ശൂർ റൂറൽ ജില്ലയിലെ സുരക്ഷാ നടപടികൾ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ബിജുകുമാർ പി.സി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് പി.ആർ, , വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ എ എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.




+ There are no comments
Add yours