ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ ബി.ജെ.പിയും ശിരോമണി അകാലിദളും (എസ്.എ.ഡി) സഖ്യം പ്രഖ്യാപിച്ചു. എൻ.ഡി.എയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിന്റെ തിരിച്ചുവരവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്വാഗതം ചെയ്തു.
ഗുരുനാനാക്ക് ജയന്തി ദിനത്തിലെ അകാലിദളിന്റെ തിരിച്ചുവരവ് അതീവ സന്തോഷകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഞ്ചാബിന്റെ പുരോഗതിക്ക് അകാലിദൾ-ബി.ജെ.പി സഖ്യം അനിവാര്യമാണെന്നും, പഞ്ചാബികളുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി പ്രവർത്തകർക്ക് വലിയ സന്തോഷമുള്ള ദിവസമാണിതെന്ന് അമിത് ഷാ പ്രതികരിച്ചു. ശിരോമണി അകാലിദൾ ഉണ്ടെങ്കിലേ എൻ.ഡി.എ പൂർണ്ണമാകൂ. മുൻപും നിരവധി തിരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിച്ചിട്ടുള്ള ഇരുപാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പഞ്ചാബിൽ എൻ.ഡി.എ സർക്കാർ രൂപീകരിക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും പറഞ്ഞ അദ്ദേഹം, 2029 ഡിസംബർ 31-ഓടെ സംസ്ഥാനത്തെ ലഹരിമുക്തമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയും കോൺഗ്രസും പഞ്ചാബിനായി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. എൻ.ഡി.എ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ശിരോമണി അകാലിദളിനായിരിക്കുമെന്നും, സുഖ്ബീർ സിങ് ബാദൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം സൂചന നൽകി. ‘വികസിത് പഞ്ചാബ്’ എന്ന ലക്ഷ്യത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനും പ്രതികരിച്ചു.
ഇതൊരു കേവല രാഷ്ട്രീയ സഖ്യം മാത്രമല്ലെന്നും പഞ്ചാബിന്റെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണെന്നും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. പഞ്ചാബിനെ രക്ഷിക്കാനാണ് വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് ഗുണ്ടാ രാജും ലഹരിക്കടത്തുമാണ് നടക്കുന്നതെന്നും, ആം ആദ്മി പാർട്ടിയും കോൺഗ്രസും ചേർന്ന് പഞ്ചാബിനെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.




+ There are no comments
Add yours