പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിനെതിരെ വിവരാവകാശ രേഖ പുറത്തുവിട്ട് അബിൻ വർക്കി എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാത്ത ചരിത്രത്തിലെ ഏക എം.എൽ.എയാണ് വീണാ ജോർജ് എന്നും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 കോടി രൂപ അവർ ചെലവഴിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. പല പദ്ധതികൾക്കും പ്രൊപ്പോസൽ പോലും നൽകിയിരുന്നില്ലെന്നും അബിൻ വർക്കി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2026 മാർച്ച് 5-ന് മൂന്ന് വർഷത്തെ പ്രൊപ്പോസലുകൾ ഒരുമിച്ച് നൽകാൻ ധനവകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഭരണാനുമതി ലഭിച്ചില്ല. തുടങ്ങാത്തതും പണി പൂർത്തിയാകാത്തതുമായ റോഡുകളുടെ പേരുകളാണ് മുൻ മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇലന്തൂർ ഓഡിറ്റോറിയം, വള്ളംകുളം സ്കൂൾ കെട്ടിടം എന്നിവയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. ആസ്തി വികസന ഫണ്ടിൽ ചെലവ് രേഖപ്പെടുത്തണമെങ്കിൽ പദ്ധതി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. എന്നാൽ അത്തരത്തിൽ ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തിലില്ലെന്നും കേരള ചരിത്രത്തിൽ ഇത്രയും വലിയ ഫണ്ട് ദുർവിനിയോഗം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന വേലിയേറ്റമെന്ന് അവകാശപ്പെട്ട പദ്ധതികളെല്ലാം പാതിവഴിയിലാണ്. അബാൻ മേൽപ്പാലത്തിൽ കയറാനും ഇറങ്ങാനും വഴിയില്ല, ഉദ്ഘാടനം ചെയ്ത ഇലന്തൂർ കോളേജിലേക്കാകട്ടെ റോഡ് പോലുമില്ല. കഴിഞ്ഞ അഞ്ച് വർഷം ആറന്മുള മണ്ഡലം നാഥനില്ലാ കളരിയായിരുന്നുവെന്ന് വിമർശിച്ച അബിൻ വർക്കി, താൻ പുറത്തുവിട്ട വിവരാവകാശ രേഖയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻ മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.




+ There are no comments
Add yours