‘പരസ്യമായി അവഹേളിച്ചിട്ട് മാപ്പ് ഫേസ്ബുക്കിൽ മാത്രം മതിയോ?’; പത്മജയുടെ ബി.ജെ.പി ബന്ധം ചോദ്യം ചെയ്ത് ദീപ്തി മേരി വർഗീസ്

Estimated read time 0 min read

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് പറഞ്ഞിട്ടും പത്മജ വേണുഗോപാലിന്റെ പുനഃപ്രവേശനത്തിനെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമായി തുടരുന്നു. ബി.ജെ.പിയെയും സംഘപരിവാറിനെയും പത്മജ ഇതുവരെ തള്ളിപ്പറയാത്തത് എന്തുകൊണ്ടാണെന്നും, എന്താണ് അവരോട് ഇപ്പോഴും ഇത്രയധികം അടുപ്പമെന്നും കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ചോദിച്ചു.

പത്മജ ബി.ജെ.പിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നതായി കേട്ടു. തനിക്ക് ബി.ജെ.പി നേതാക്കളോടൊന്നും യാതൊരു പ്രശ്നവുമില്ലെന്നും എല്ലാവരോടും സ്നേഹമാണെന്നുമാണ് പത്മജയും പറയുന്നത്. ഈ അടുപ്പം എന്തിനാണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും മനസ്സിൽ സംശയമുണ്ടാകുമെന്നും ദീപ്തി പറഞ്ഞു.

കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് പത്മജ ഔദ്യോഗികമായോ അനൗദ്യോഗികമായോ ആരോടും ആവശ്യപ്പെട്ടതായി അറിവില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് പറഞ്ഞാൽ മാത്രം മതിയോ എന്നും ദീപ്തി ചോദിച്ചു. പാർട്ടി വിട്ടുപോയപ്പോൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിലെ സ്ത്രീകളെയും പുരുഷന്മാരെയും മോശമാക്കി ചിത്രീകരിച്ചത് ഫേസ്ബുക്കിലൂടെയായിരുന്നില്ല, മറിച്ച് പൊതുവേദികളിലും മാധ്യമങ്ങളിലൂടെയുമായിരുന്നു. തന്നെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാകില്ലെന്ന് പരസ്യമായി പറഞ്ഞ പത്മജ, മാപ്പ് പറയാൻ മാത്രം എന്തുകൊണ്ട് ഫേസ്ബുക്ക് തിരഞ്ഞെടുത്തുവെന്നും ദീപ്തി വിമർശിച്ചു.

അച്ഛന്റെ സ്മൃതികുടീരവും മുരളി മന്ദിരവും ഉൾപ്പെടെയുള്ളവ സംഘപരിവാർ ശക്തികൾക്ക് കയറിയിറങ്ങാവുന്ന സാഹചര്യത്തിലായിരുന്നുവെന്നും, അതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടോ എന്ന് പത്മജ വ്യക്തമാക്കണമെന്നും ദീപ്തി ആവശ്യപ്പെട്ടു. അലോഷിയെപ്പോലുള്ള യുവപ്രവർത്തകരും സാധാരണക്കാരായ പ്രവർത്തകരും ഉയർത്തുന്ന ഒരു വലിയ വിഷയമുണ്ട്. കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ പ്രവർത്തകർക്കൊപ്പം അധ്വാനിക്കാനോ സമരമുഖങ്ങളിൽ പങ്കെടുക്കാനോ തയ്യാറാകാതിരുന്ന പത്മജ, കെ. കരുണാകരന്റെ പാരമ്പര്യം കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ നിന്ന വ്യക്തിയാണ്. മാപ്പ് പറഞ്ഞത് ആത്മാർത്ഥമായിട്ടാണെങ്കിൽ നല്ല കാര്യമാണെന്നും, എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും ദീപ്തി മേരി വർഗീസ് കൂട്ടിച്ചേർത്തു.

+ There are no comments

Add yours