കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ബിരുദാനന്തര ബിരുദം (എം.എ) വിജയിച്ചതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. 2017-ൽ ബി.എ സംസ്കൃത സാഹിത്യത്തിൽ തോറ്റ വിദ്യാർത്ഥിനിക്ക് അതേ വർഷം തന്നെ എം.എ മലയാളത്തിന് പ്രവേശനം ലഭിക്കുകയും, 2019-ൽ വിജയിക്കുകയും ചെയ്തുവെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് ഈ വിചിത്രമായ ക്രമക്കേട് നടന്നത്.
ഈ വർഷം സെപ്റ്റംബറിലാണ് വിദ്യാർത്ഥിനി അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചത്. പരീക്ഷ തോറ്റ അതേ വർഷം തന്നെ ഏത് മാനദണ്ഡപ്രകാരമാണ് വിദ്യാർത്ഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നൽകിയതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ആവശ്യപ്പെട്ടു.
മുൻപ് വലിയ വിവാദമായ എസ്.എഫ്.ഐ നേതാവ് കലേഷിന്റെ പി.ജി പ്രവേശനത്തെക്കുറിച്ചും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ബി.എഫ്.എ (BFA) പാസാകാതെ തന്നെ ഇതേ വിഷയത്തിൽ പി.ജിക്ക് പ്രവേശനം നേടുകയും വിജയിക്കുകയും ചെയ്ത കലേഷ് ബിരുദം പാസായിട്ടില്ലെന്ന് സർവകലാശാല നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഈ വിഷയത്തിൽ 2026 മാർച്ചിൽ ലോക്ഭവൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാലടി സർവകലാശാലയിലെ എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ സമരം 20-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി മറ്റന്നാൾ വിധി പറയും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധയിടങ്ങളിൽ എസ്.എഫ്.ഐ പ്രതിഷേധങ്ങൾ തുടരുകയാണ്. കാലടി മറ്റൂർ ശ്രീ ശങ്കരാചാര്യ ആർട്സ് കോളേജിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിഷേധം ഭയന്നാണ് മന്ത്രി റോജി എം. ജോൺ പിൻവാങ്ങിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. എന്നാൽ മറ്റ് പരിപാടികൾ ഉള്ളതിനാലാണ് മന്ത്രിക്ക് എത്താൻ കഴിയാതിരുന്നതെന്നാണ് കെ.എസ്.യുവിന്റെ വിശദീകരണം. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ പരിഹസിച്ച് മന്ത്രി ഫേസ്ബുക്കിൽ രംഗത്തെത്തി. മന്ത്രിക്കെതിരെ ഇന്നും പ്രതിഷേധം തുടരാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.




+ There are no comments
Add yours