മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മൈസൂർ -കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽനിന്ന് ഉടമസ്ഥനില്ലാത്ത 75 മൊബൈൽ ഫോണുകൾ എക്സൈസ് പിടിച്ചെടുത്തു. സീറ്റിനടിയിൽ ബാഗിൽ തുണികൾക്കടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഫോണുകൾ. എല്ലാം ഉപയോഗിച്ച ഫോണുകളാണ്.
വിവോ, ഓപ്പോ, സാംസങ്, ആപ്പിൾ ഐ ഫോൺ, വൺ പ്ലസ് തുടങ്ങിയ വിവിധ കമ്പനികളുടെ ഫോണുകളാണ് കണ്ടെടുത്തത്. രേഖകളില്ലാതെ ഇത്രയധികം മൊബൈൽ ഫോണുകൾ കൊണ്ടുവരുമ്പോൾ ചെക്ക് പോസ്റ്റിലെ പരിശോധന ഭയന്ന് ഉടമസ്ഥൻ മാറിയതാകാനാണ് സാധ്യത. പിടിച്ചെടുത്ത ഫോണുകൾ തുടർ നടപടിക്കായി സുൽത്താൻ ബത്തേരി പൊലീസിന് കൈമാറിയതായി എക്സൈസ് അറിയിച്ചു.
മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, പ്രിവന്റിവ് ഓഫിസർമാരായ വിനോദ്, അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫോണുകൾ പിടിച്ചെടുത്തത്.


+ There are no comments
Add yours