തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിച്ച് എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ. പത്ത് ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന ഉദ്യോഗാർത്ഥി എം. ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സർക്കാരിനെതിരെ രൂക്ഷവിമർശനം
സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എം. ജയകൃഷ്ണൻ ആരോപിച്ചു. “മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല, അദ്ദേഹത്തിന് കരച്ചിൽ വരാതിരിക്കട്ടെ. മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല,” ജയകൃഷ്ണൻ പറഞ്ഞു. ചർച്ചയ്ക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രിയാണെങ്കിലും, മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ് ആവശ്യങ്ങൾക്ക് തടസ്സം നിൽക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ നടത്തുന്ന ചർച്ചകൾ മുഖം രക്ഷിക്കാനുള്ള കേവലം നാടകം മാത്രമാണെന്നും, നിരാഹാരം ഇരിക്കുന്നവരോട് ഒരാഴ്ച സമയം ചോദിക്കുന്നത് നീതികേടാണെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.
ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചു; എസ്. വളർമതി തുടരും
ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് താൻ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് എം. ജയകൃഷ്ണൻ അറിയിച്ചു. എന്നാൽ ഇത് സമരത്തിൽ നിന്ന് പിന്നോട്ട് പോകുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവൻ രക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും, ജീവന് വിലയില്ലാത്ത സർക്കാരിന് മുന്നിൽ എന്തിന് നിരാഹാരമിരിക്കുന്നുവെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയകൃഷ്ണൻ മാത്രമാണ് നിലവിൽ നിരാഹാരം അവസാനിപ്പിച്ചത്. സമരപ്പന്തലിലുള്ള എസ്. വളർമതി നിരാഹാര സമരം തുടരും.




+ There are no comments
Add yours