മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ; അന്വേഷണസംഘത്തിന് രണ്ടാഴ്ച സാവകാശം

Estimated read time 1 min read

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റാന്നി, പുൽപ്പള്ളി യൂണിയനുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് അന്വേഷണം പൂർത്തിയായിട്ടുള്ളത്. കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു.

രേഖകൾ കൊല്ലം കോടതിയിലേക്ക് കൈമാറും

നിലവിൽ കേസുകൾ പരിഗണിക്കുന്ന തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ കോടതികളിൽ നിന്നുള്ള രേഖകൾ കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

കേസിനാസ്പദമായ സംഭവം

2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം ആരംഭിച്ചത്. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി നബാർഡ് പിന്നാക്ക വികസന കോർപ്പറേഷൻ വഴി അനുവദിച്ച ഗ്രാന്റിന് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

+ There are no comments

Add yours