ട്രെയിനുകളുടെ സമയനിഷ്ഠയിൽ വൻ വീഴ്ചയെന്ന് സമ്മതിച്ച് റെയിൽവേ; ഏറ്റവും മോശം പട്ടികയിൽ മംഗളയും നേത്രാവതിയും, ഒരു വർഷം പാഴായത് 87 വർഷത്തിന് തുല്യമായ സമയം

Estimated read time 1 min read

മുംബൈ: രാജ്യത്ത് ട്രെയിനുകൾ സമയനിഷ്ഠ പാലിക്കുന്നതിൽ വൻ വീഴ്ച സംഭവിക്കുന്നതായി ഇന്ത്യൻ റെയിൽവേയുടെ കുറ്റസമ്മതം. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് വർഷംതോറും സമയനിഷ്ഠ പിന്നോട്ട് പോകുന്നതായി റെയിൽവേ വ്യക്തമാക്കിയത്. അഞ്ച് വർഷത്തിനിടെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ സമയനിഷ്ഠ 90 ശതമാനത്തിൽ നിന്ന് 77 ശതമാനത്തിലേക്കും, പാസഞ്ചർ ട്രെയിനുകളുടേത് 88 ശതമാനത്തിൽ നിന്ന് 67 ശതമാനത്തിലേക്കും കൂപ്പുകുത്തി.

മോശം പട്ടികയിൽ കേരളത്തിലേക്കുള്ള ട്രെയിനുകളും

രാജ്യത്തെ ഏറ്റവും മോശം സമയനിഷ്ഠയുള്ള 100 ട്രെയിനുകളുടെ പട്ടികയിൽ മലയാളികൾ ഏറെ ആശ്രയിക്കുന്ന പ്രധാന ട്രെയിനുകളും ഇടംപിടിച്ചു.

  • നേത്രാവതി എക്സ്പ്രസ്: 24 ശതമാനം
  • മംഗള എക്സ്പ്രസ്: 23 ശതമാനം
  • എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്: 30 ശതമാനം

ഒരൊറ്റ ദിവസം പോലും സമയനിഷ്ഠ പാലിക്കാത്ത 12 ട്രെയിനുകളെങ്കിലും രാജ്യത്തുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലൂടെ കടന്നുപോകുന്ന വിവേക് എക്സ്പ്രസ് ഇതിലൊന്നാണ്; പോകുമ്പോൾ 7 ശതമാനവും മടക്കയാത്രയിൽ പൂജ്യം ശതമാനവുമാണ് ഈ ട്രെയിനിന്റെ സമയനിഷ്ഠ.

വില്ലനായി കൊങ്കൺ പാത

സതേൺ റെയിൽവേ മികച്ച സമയനിഷ്ഠ പാലിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് പ്രധാന വെല്ലുവിളിയാകുന്നത് കൊങ്കൺ റെയിൽവേയാണ്. കൊങ്കൺ പാതയിലെ സമയനിഷ്ഠ 71 ശതമാനം മാത്രമാണ്. ഇത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ വലിയതോതിൽ വലയ്ക്കുന്നുണ്ട്.

പാഴായത് 4.60 കോടി മിനിറ്റ്; റീഫണ്ട് വിവരങ്ങളിൽ മറുപടിയില്ല

കഴിഞ്ഞ വർഷം മാത്രം ട്രെയിനുകൾ വൈകിയതിലൂടെ നഷ്ടമായത് 4.60 കോടി മിനിറ്റാണ്. ഇത് ഏകദേശം 87 വർഷത്തിന് തുല്യമായ സമയമാണ്. അതേസമയം, ട്രെയിനുകൾ വൈകുന്നതുമൂലം യാത്രക്കാർക്ക് നഷ്ടമാകുന്ന സമയത്തിന്റെ (പാസഞ്ചർ ഹവർ) കണക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് റെയിൽവേയ്ക്ക് മറുപടിയില്ല. വൈകിയോട്ടം മൂലമുള്ള റീഫണ്ട് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം.

+ There are no comments

Add yours