തിരുവനന്തപുരം: ചാല സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മാളവിക ജ്വല്ലറി ഉടമ ജയറാം വൻ തട്ടിപ്പുകാരനാണെന്ന് പോലീസ്. സാമ്പത്തിക വെട്ടിപ്പുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 20 കേസുകളാണുള്ളത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ദിവസം മാത്രം മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
വിപണി വിലയേക്കാൾ ഉയർന്ന തുക വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങുന്നതാണ് ഇയാളുടെ പതിവ് രീതി. പണം തിരികെ ചോദിക്കാനെത്തുന്നവരെ ജയറാം ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നിരവധി പേർക്കായി ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ നൽകാനുള്ളത്.
അതേസമയം, കേസിൽ കവർച്ച ചെയ്ത സ്വർണം കുഴിച്ചിടാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നാം പ്രതി അനൂപാണ്. നേമം ചെറുബാലമന്ദം ക്ഷേത്രത്തിന് സമീപമുള്ള അനൂപിന്റെ ബന്ധുവീട്ടിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കവർച്ചയ്ക്ക് ശേഷം അനൂപും മറ്റൊരു പ്രതിയും ഇവിടെയെത്തി സ്വർണം ഒളിപ്പിക്കുകയും, യാത്രാച്ചെലവിനായി 50 ഗ്രാം മാത്രം കൈവശം വെച്ച് തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു. കേസിൽ ഇതുവരെ 202 പവൻ സ്വർണമാണ് പോലീസ് വീണ്ടെടുത്തത്.




+ There are no comments
Add yours