തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് ‘മയിൽപ്പീലി’ സ്‌കോളർഷിപ്പ് പരീക്ഷ നടത്തിയ സംഭവത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാതെ വിദ്യാഭ്യാസ വകുപ്പ്. വിവാദമായ പരീക്ഷ റദ്ദാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചുവെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും.
പ്രതിപക്ഷ വിമർശനത്തിനിടെ വിവാദം അവസാനിപ്പിക്കാൻ നീക്കം
സർക്കാരിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഈ വിഷയത്തിൽ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. എന്നാൽ, വിവാദം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ഒക്ടോബർ മുതൽ നടന്ന സ്കോളർഷിപ്പുകളും പരീക്ഷകളും റദ്ദാക്കാൻ തീരുമാനിച്ചതോടെ വിഷയം അവസാനിച്ചുവെന്നാണ് സർക്കാർ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകൾ കാലാകാലങ്ങളായി സ്കൂളുകളിൽ ഇത്തരം സ്കോളർഷിപ്പുകളും ക്വിസ് മത്സരങ്ങളും നടത്താറുണ്ടെന്നും, അതിനൊക്കെ മുൻപും അനുമതി നൽകാറുണ്ടെന്നുമാണ് വകുപ്പിന്റെ വിശദീകരണം.
മന്ത്രി അറിയാതെ പരീക്ഷ; ഒടുവിൽ റദ്ദാക്കി
ആർ.എസ്.എസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാലഗോകുലം പുറത്തിറക്കുന്ന മാസികയാണ് മയിൽപ്പീലി. ഈ മാസികയുമായി സഹകരിച്ചാണ് ദേശീയ അധ്യാപക പരിഷത്ത് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘യങ് സ്കോളർ എക്സാം’ എന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി പോലും അറിയാതെയാണ് സ്കൂളുകളിൽ ഈ പരീക്ഷ നടത്താൻ ഉദ്യോഗസ്ഥർ അനുമതി നൽകിയത്. സംഭവം പുറത്തുവരികയും വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്തതോടെയാണ് സ്കോളർഷിപ്പ് പരീക്ഷ പിൻവലിക്കാൻ സർക്കാർ തയ്യാറായത്.




+ There are no comments
Add yours