തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ എ.ഐ.സി.സി ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഹൈക്കമാൻഡിന്റെ പൂർണ്ണ അംഗീകാരത്തോടെ മാത്രമേ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കാൻ പാടുള്ളൂവെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പാർട്ടി അധികാരത്തിലുള്ള കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വീകരിച്ചിട്ടുള്ള രീതികൾ ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ഈ ആവശ്യം ഉന്നയിക്കുന്നത്.
മുന്നണിയിൽ അതൃപ്തി; ദീപാദാസ് മുൻഷിയെ അറിയിക്കുന്നില്ലെന്ന് പരാതി
ബോർഡ് – കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്. പുതിയ സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതിൽ യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പോലുമറിയാതെയാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ പലതും എടുക്കുന്നതെന്നും നേതാക്കൾക്ക് പരാതിയുണ്ട്. ഇതിനിടെ പുതിയ കെ.പി.സി.സി അധ്യക്ഷനെ ചൊല്ലിയുള്ള തർക്കങ്ങളും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളും പാർട്ടിയിലെ ചേരിപ്പോര് കൂടുതൽ മറനീക്കി പുറത്തുകൊണ്ടുവന്നു. കഴിഞ്ഞ കെ.പി.സി.സി ഭാരവാഹി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
സതീശൻ അനുകൂലികളും കെ.സി പക്ഷവും നേർക്കുനേർ
അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കളുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പക്ഷമാണെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശനെ അനുകൂലിക്കുന്നവർ തുടക്കം മുതൽ ആരോപിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് കെ.സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ചില മന്ത്രിമാരുടെ അതൃപ്തിയും പാർട്ടിക്കുള്ളിലെ ചേരിപ്പോരും കൂടിയായതോടെ കോൺഗ്രസ് നേതൃത്വത്തിന് ബോർഡ്-കോർപ്പറേഷൻ വിഭജനം വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഈ പ്രതിസന്ധി ഒഴിവാക്കാൻ ദേശീയ നേതൃത്വം ഉടൻ ഇടപെട്ട് തീരുമാനം വേഗത്തിലാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.




+ There are no comments
Add yours