ജപ്തി ഭീഷണിക്ക് പിന്നാലെ വീട്ടമ്മയുടെ ആത്മഹത്യ; കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

Estimated read time 0 min read

കോഴിക്കോട്: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി സവിത (42) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ബാങ്കിന് മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

സാവകാശം നൽകാൻ തയ്യാറായില്ല; ബാധ്യത 50 ലക്ഷത്തോളം

സവിതയും ഭർത്താവ് ബാബുവും ചേർന്ന് വീടും സ്ഥലവും പണയപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നും 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ അഞ്ച് ലക്ഷത്തോളം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ കുടിശ്ശികയും പലിശയുമടക്കം നിലവിൽ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് ഇവർക്കുള്ളത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. തുക കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസം സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ ഇതിന് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് സവിത കടുംകൈ ചെയ്തത്.

കുടുംബം പുറത്തുപോയ സമയത്ത് ആത്മഹത്യ

സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് ബാബു ജോലിക്കും, രണ്ട് പെൺമക്കൾ പഠിക്കാനുമായി പുറത്തുപോയ സമയത്താണ് സവിതയെ പഴയ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. അനാവശ്യ സമ്മർദ്ദം ചെലുത്തി വീട്ടമ്മയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

+ There are no comments

Add yours