കാസർഗോഡ്: ജില്ലാ പഞ്ചായത്ത് വളപ്പിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പത്തിന്റെ അനാച്ഛാദന ചടങ്ങിന് സ്പീക്കർ എത്തിയില്ല. ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും സ്പീക്കർ പെട്ടെന്ന് പരിപാടിയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ, പേരില്ലാത്ത ഫലകം ശില്പത്തിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി കലാകാരന്മാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രഗൽഭനായ ഒരു കലാകാരനോടുള്ള കടുത്ത അവഹേളനമാണിതെന്ന് അവർ കുറ്റപ്പെടുത്തി.
‘കലയിൽ രാഷ്ട്രീയം കാണരുത്’
കലയിൽ രാഷ്ട്രീയം കാണരുതെന്നായിരുന്നു വിവാദങ്ങളോട് കാനായി കുഞ്ഞിരാമന്റെ പ്രതികരണം. തന്റെ ശില്പങ്ങളൊന്നും ഇതുവരെ ആരും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും, പൊതു ഇടങ്ങളിൽ ജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ മാത്രമാണ് ഇത്തരമൊരു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ഈ ശില്പം ജനങ്ങൾക്കുള്ളതാണെന്നും കാനായി വ്യക്തമാക്കി.
എൻഡോസൾഫാൻ ഇരകളുടെ വേദന പറയുന്ന ശില്പം
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ വേദനകൾ ഉൾക്കൊള്ളുന്ന പ്രമേയമാണ് ഈ ശില്പത്തിന്റേത്. കാനായി കുഞ്ഞിരാമന്റെ കലാജീവിതത്തിൽ അദ്ദേഹം നിർമ്മിച്ച ഏറ്റവും ഉയരം കൂടിയ ശില്പം കൂടിയാണ് ജില്ലാ പഞ്ചായത്ത് വളപ്പിൽ സ്ഥാപിച്ചിട്ടുള്ളത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്പീക്കർ നേരത്തെ ഉറപ്പുനൽകിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ഈ അപ്രതീക്ഷിത പിന്മാറ്റമാണ് കലാകാരന്മാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്.




+ There are no comments
Add yours