തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി തൊട്ടടുത്ത കടയിൽ നിന്ന് വലിയ കവർ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ ഈ പദ്ധതി പൊളിക്കുകയായിരുന്നു.
രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചത്. മറ്റ് പ്രതികൾ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് ഇതോടെ പൊലീസിന് വ്യക്തമായി. കൊലപാതക സമയത്ത് ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ഇരുവരും ചേർന്ന് ശ്രമിച്ചിരുന്നു. കൃത്യം നടന്ന് പൂർത്തിയാകുന്നത് വരെ ഐശ്വര്യ ഉമറുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കേസന്വേഷണം വഴിമുട്ടിക്കാൻ പ്രതികൾ ബോധപൂർവം കള്ളമൊഴി നൽകുന്ന സാഹചര്യത്തിൽ എല്ലാവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം. നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇവരെ ഒന്നിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്ത് കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ഇതിന് പുറമെ പ്രതികളുടെ ഫോൺ വിളികളും സാമൂഹ്യമാധ്യമങ്ങളിലെ ചാറ്റുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. കേസിൽ നിർണായകമായ മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള തിരച്ചിലും ഊർജ്ജിതമാണ്. കേസിലെ രണ്ടാം പ്രതിയായ ഉമർ നേരത്തെ കാപ്പ (KAAPA) കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഒന്നാം പ്രതിയായ പതിനേഴുകാരനാകട്ടെ ഒരു മോഷണക്കേസിലും പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.




+ There are no comments
Add yours