വീട്ടിലെ കറിവേപ്പില ഉണങ്ങിപ്പോകുന്നതാണോ പ്രശ്നം? തഴച്ചുവളരാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

Estimated read time 0 min read

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ പലരുടെയും പ്രധാന പരാതിയാണ് നട്ടുവെക്കുന്ന കറിവേപ്പില തഴച്ചുവളരുന്നില്ല എന്നത്. ചിലപ്പോൾ നമ്മൾ അറിയാതെ ചെയ്യുന്ന ചെറിയ അബദ്ധങ്ങളാകാം ചെടി നശിച്ചുപോകാൻ കാരണം. കറിവേപ്പില നടുമ്പോഴും പരിപാലിക്കുമ്പോഴും നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

  • നേരിട്ട് വെയിലത്ത് വെക്കരുത്: നഴ്സറിയിൽ നിന്ന് പുതിയ തൈകൾ വാങ്ങിയ ഉടൻ തന്നെ കടുത്ത വെയിലത്ത് കൊണ്ടുപോയി വെക്കുന്നത് ചെടി നശിക്കാൻ കാരണമാകും. അന്തരീക്ഷത്തിലെ പെട്ടെന്നുള്ള മാറ്റം ചെടിയെ ദോഷകരമായി ബാധിക്കും. അതിനാൽ ആദ്യത്തെ കുറച്ചുദിവസം ഭാഗികമായി തണലുള്ള സ്ഥലത്ത് വെച്ചശേഷം മാത്രം പതുക്കെ വെയിലത്തേക്ക് മാറ്റുക.
  • മണ്ണൊരുക്കുമ്പോൾ ശ്രദ്ധിക്കുക: തൈകൾ ഗ്രോബാഗിലേക്കോ മണ്ണിലേക്കോ മാറ്റുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. വേരിലെ മണ്ണ് പൂർണ്ണമായും അടർത്തി മാറ്റരുത്. വെള്ളം കെട്ടിക്കിടക്കുന്നതോ കട്ടിയുള്ളതോ ആയ കളിമണ്ണിൽ കറിവേപ്പില നടരുത്; ഇത് വേരുകൾ വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും. നല്ല നീർവാർച്ചയുള്ള മണ്ണിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് വളക്കൂറുള്ളതാക്കിയ ശേഷം മാത്രം തൈകൾ നടുക.
  • അമിതമായി നനയ്ക്കരുത്: കറിവേപ്പിലയ്ക്ക് ദിവസവും വെള്ളം ഒഴിച്ചുകൊടുക്കേണ്ട ആവശ്യമില്ല. മണ്ണിൽ തൊട്ടുനോക്കുമ്പോൾ ഈർപ്പമുണ്ടെങ്കിൽ വീണ്ടും നനയ്ക്കരുത്. മണ്ണ് നന്നായി ഉണങ്ങിയെന്ന് ബോധ്യമാകുമ്പോൾ മാത്രം ആവശ്യത്തിന് വെള്ളം നൽകുക. അമിതമായ വെള്ളം ചെടിയുടെ വളർച്ചയെ മുരടിപ്പിക്കും.
  • രാസവളങ്ങൾ ഒഴിവാക്കാം: പെട്ടെന്ന് വളരാൻ വേണ്ടി രാസവളങ്ങൾ അമിതമായി നൽകുന്നത് കറിവേപ്പിലയുടെ വേരുകൾ കരിഞ്ഞുപോകാൻ ഇടയാക്കും. ഇതിന് പകരം ജൈവവളങ്ങൾ നൽകുന്നതാണ് ഉത്തമം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച ശേഷം കൃത്യമായ ഇടവേളകളിൽ നൽകുന്നത് ചെടി കരുത്തോടെയും ആരോഗ്യത്തോടെയും തഴച്ചുവളരാൻ സഹായിക്കും.

+ There are no comments

Add yours