തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സമരം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അതിന്റെ പേരിലുള്ള അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി എന്തായാലും അത് പാലിക്കും. വിദ്യാർത്ഥികൾ മാപ്പെഴുതി നൽകണമെന്നത് സർവകലാശാലാ അച്ചടക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സസ്പെൻഷനിലായ വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സർവകലാശാല കോടതിയിൽ സമർപ്പിച്ച ഹാജർ പട്ടിക തെറ്റാണെന്നും, സസ്പെൻഷൻ കാലയളവ് കൂടി ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സസ്പെൻഷന് മുൻപ് പലർക്കും 90 ശതമാനത്തിലധികം ഹാജരുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം. വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകളുണ്ടെന്ന് കണ്ടെത്തിയാൽ ഇവർക്കായി വീണ്ടും പരീക്ഷ നടത്താൻ നിർദ്ദേശിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പരമോന്നത കോടതിയിലാണ് ഇനി തങ്ങളുടെ പ്രതീക്ഷയെന്ന് വിദ്യാർത്ഥികളും പ്രതികരിച്ചു.
നടപടി നേരിട്ട വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് മറ്റുള്ളവർ ഇന്ന് പരീക്ഷയ്ക്കെത്തിയത്. സസ്പെൻഷനിലായ 16 പേരിൽ പത്ത് വിദ്യാർത്ഥികൾക്കാണ് പരീക്ഷയുള്ളത്. ഇതിൽ ഏഴ് വിദ്യാർത്ഥികളുടെ പരീക്ഷകളാണ് ഇന്ന് നടക്കുന്നത്.




+ There are no comments
Add yours