ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവിടെ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നുവെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.
ഇന്ത്യയിൽ എസ്.ഐ.ആർ (SIR) വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഗ്യാനേഷ് കുമാറിനെതിരെയും വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പരിഹാസം. അർഹരായ വോട്ടർമാരെ ബോധപൂർവ്വം വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണമാണ് ഈ പരാമർശത്തിന് ആധാരം.
പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളായിരുന്ന ടെക്സസിലെയും കാൻസസിലെയും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ ഇത്തവണ ചരിത്രവിജയമാണ് സ്വന്തമാക്കിയത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി മുന്നേറ്റം തുടരുകയാണ്. ഇതിനിടെ, യു.എസ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള സി.ജെ.പി നേതാവ് അശുതോഷ് റാങ്കയുടെ ട്വീറ്റിനോട് പ്രതികരിച്ച ദീപ്കെ, അമേരിക്കൻ ജനത ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണ് വോട്ട് ചെയ്യുന്നതെന്നും വ്യക്തമാക്കി.




+ There are no comments
Add yours