തിരുവനന്തപുരത്ത് അതിശക്തമായ മഴ, ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരും

Estimated read time 0 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ആന്ധ്രാ തീരത്ത് രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെയും ലക്ഷദ്വീപിനും തെക്കൻ തമിഴ്‌നാടിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്. കാറ്റോടും ഇടിമിന്നലോടും കൂടിയ ഈ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മറ്റ് ജില്ലകളിലെ മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട ജില്ലയിലാകും യെല്ലോ അലർട്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

+ There are no comments

Add yours