ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) നടപടികളിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന് ഇതിൽ അധിക വ്യവസ്ഥകൾ ഉൾപ്പെടുത്താമെങ്കിലും നിലവിലെ നിയമച്ചട്ടങ്ങളെ മറികടക്കാൻ കഴിയില്ല.
രേഖകളിലെ ചെറിയ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. 2003-ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ പോലും ഇത്തരം പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഒരു എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ മാത്രം ഒരാൾക്ക് അയാളുടെ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാൻ കഴിയുമോ എന്ന സുപ്രധാന ചോദ്യവും ഡൽഹി എസ്.ഐ.ആർ കേസ് പരിഗണിക്കവെ കോടതി ഉന്നയിച്ചു.
പേര്, പ്രായം, വിലാസം എന്നിവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കുന്നതിന് സുപ്രീംകോടതി ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പശ്ചിമബംഗാളിൽ ഇത്തരം പരിശോധനകൾക്ക് അനുമതി നൽകിയത് കേവലം ഒരു ഇടക്കാല ക്രമീകരണം മാത്രമായിട്ടായിരുന്നു. ബിഹാർ വിധിയിലാകട്ടെ ഇതിന്റെ നിയമസാധുത കോടതി പരിഗണിച്ചിട്ടുമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതിനായി വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ഫോമുകൾ സ്വീകരിക്കുന്നത് പരിഗണിക്കാനും, ആവശ്യമെങ്കിൽ ഇതിനായുള്ള ഒക്ടോബർ 30 എന്ന സമയപരിധി നീട്ടിനൽകാനും ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.




+ There are no comments
Add yours