മാസപ്പടി കേസ്: സിംഗിൾ ബെഞ്ചിന്റെ വിധി ആരും ആഘോഷിക്കേണ്ട; കോൺഗ്രസ് ഇരട്ടത്താപ്പിന് മറുപടി പറയേണ്ടിവരുമെന്ന് എ.എ. റഹീം

Estimated read time 1 min read

ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് കേസിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഒരു രാഷ്ട്രീയ വേട്ടയാണെന്നും, ആരും ഈ വിധി ഇപ്പോൾ ആഘോഷിക്കേണ്ടെന്നും എ.എ. റഹീം എം.പി. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കുറിച്ചുള്ള (ED) തങ്ങളുടെ ഔദ്യോഗിക നിലപാട് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദിയുടെ ഓഫീസിൽ നിന്ന് ഗ്യാനേഷ് കുമാറിന് കത്ത് ലഭിക്കുന്ന അതേ ബഹുമാനത്തോടെയാണ് ഇഡി ഓഫീസിൽ നിന്നുള്ള കത്തിന് വി.ഡി. സതീശൻ പരിഗണന നൽകുന്നത്. ഈ വിഷയം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി വരെ നേരത്തെ തീർപ്പ് കൽപ്പിച്ചതാണ്. കേരളത്തിൽ സിപിഐഎമ്മിന്റെ അടിവേരറുക്കാൻ ലക്ഷ്യമിട്ടുള്ള വ്യക്തമായ രാഷ്ട്രീയ പ്രോജക്ടാണ് ഇപ്പോൾ നടക്കുന്നത്. ഇഡിയുടെ നടപടികളും കണ്ടെത്തലുകളും നിഷ്പക്ഷമാണെന്ന അഭിപ്രായം കോൺഗ്രസിനുണ്ടോയെന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് നീതി ഉയർത്തിപ്പിടിക്കുന്ന വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റഹീം പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും തങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. നിയമപരമായി യാതൊരു ഭയവുമില്ലാത്ത ഈ വിഷയത്തിൽ കോൺഗ്രസായിരിക്കും ഒടുവിൽ പ്രതിരോധത്തിലാകുക. മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ‘സമ്മാനം’ എല്ലാവരും കണ്ടതാണ്. ഈ ഇരട്ടത്താപ്പിന് വരും ദിവസങ്ങളിൽ കോൺഗ്രസ് മറുപടി പറയേണ്ടിവരുമെന്നും എ.എ. റഹീം മുന്നറിയിപ്പ് നൽകി.

+ There are no comments

Add yours