തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നൽകിയ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം കാത്ത് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലായതിനാൽ ഇനി പരസ്യ പ്രതികരണത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നൽകിയ പരാതിയിലും മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലും ഉറച്ചുനിൽക്കുകയാണെന്ന് ഡൽഹിയിലുള്ള അടൂർ പ്രകാശ് അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അദ്ദേഹം ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയേക്കും.
മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ നിലവിൽ ഡൽഹിയിൽ തുടരുകയാണ്. വിവിധ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ മുന്നണിയിലോ പാർട്ടിയിലോ യാതൊരുവിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നതാണ് വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ ഉന്നയിച്ച പ്രധാന ആരോപണം. കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് അടൂർ പ്രകാശ് പരാതിയുമായി ഡൽഹിയിലെത്തിയത്. തുടർന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് പരാതി കൈമാറുകയായിരുന്നു. അതിനിടെ, ജി.എസ്.ടി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തുകയും അടൂർ പ്രകാശിന്റെ പരാതി ചർച്ച ചെയ്യുകയും ചെയ്തു.
പാർട്ടിക്ക് ഉള്ളിൽ പറയേണ്ട വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയത് കടുത്ത അച്ചടക്കലംഘനമാണെന്ന നിലപാടിലാണ് വി.ഡി. സതീശൻ അനുകൂലികൾ. സംഭവത്തിന് പിന്നാലെ അടൂർ പ്രകാശിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനം ഉയരുന്നുണ്ട്. സർക്കാരിന്റെ പല നല്ല തീരുമാനങ്ങളും ഇയാളെ മുൻകൂട്ടി അറിയിക്കാതിരുന്നതാണ് നന്നായതെന്ന് അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെ കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പരിഹസിച്ചു.




+ There are no comments
Add yours