കണ്ണൂർ: സിപിഐഎം നേതാവും മുൻ പയ്യന്നൂർ എംഎൽഎയുമായ ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ ലഭിച്ച പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. മുഹമ്മദ് ഷമ്മാസ് നൽകിയ പരാതി തുടർനടപടികൾക്കായി കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് (റൂറൽ) കൈമാറി. പയ്യന്നൂരിലെ പൊതുയോഗത്തിൽ നടത്തിയ കൊലവിളി, ഭീഷണി പരാമർശങ്ങൾക്കും നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അധിക്ഷേപിച്ചതിനുമെതിരെയാണ് പരാതി. കലാപാഹ്വാനം, വധഭീഷണി, പൊതുസമാധാനം തകർക്കൽ തുടങ്ങിയ ഗുരുതര വിഷയങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മുൻ ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും ആഭ്യന്തര വകുപ്പ് ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ നടപടികൾ സർക്കാരോ പൊലീസോ ഒരു കാരണവശാലും അംഗീകരിക്കില്ല. പ്രസംഗത്തിന്റെ പൂർണരൂപം പൊലീസും ഇന്റലിജൻസും ശേഖരിച്ച് പരിശോധിച്ചുവരികയാണ്. ഇത് വിശകലനം ചെയ്ത ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ സമാധാനം നിലനിർത്താനും അക്രമങ്ങൾ തടയാനും നേതൃത്വം നൽകേണ്ട രാഷ്ട്രീയ നേതാക്കളും മുൻ എംഎൽഎമാരും കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ശരിയല്ല. ഇത്തരം പരാമർശങ്ങൾ പിൻവലിക്കാൻ മധുസൂദനൻ തയ്യാറാകണമെന്നും വിഷയത്തിൽ സിപിഐഎം നേതൃത്വം ഗൗരവമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

+ There are no comments
Add yours