കെ.എസ്.ഇ.ബി മീറ്റർ റീഡർമാരുടെ സമരം ശക്തം: പി.ഒ.എസ് മെഷീൻ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പോലീസ് നടപടിയെന്ന് വൈദ്യുതി വകുപ്പ്

Estimated read time 1 min read

തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിലെ കരാർ മീറ്റർ റീഡർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കടുത്ത നടപടികളിലേക്ക് വൈദ്യുതി വകുപ്പ്. മീറ്റർ റീഡിംഗിനായി നൽകിയിട്ടുള്ള പി.ഒ.എസ് (POS) മെഷീനുകൾ തിരിച്ചേൽപ്പിക്കാത്ത ജീവനക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉപകരണം കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങൾ തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ കൈമാറാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് പോലീസ് നടപടി ഭയന്ന് ചില ജീവനക്കാർ മെഷീനുകൾ തിരിച്ചേൽപ്പിച്ചു തുടങ്ങി.

കഴിഞ്ഞ ദിവസം മാനേജ്‌മെന്റും സമരക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം ഒരാഴ്ച പിന്നിട്ടതോടെ കെ.എസ്.ഇ.ബിയുടെ വരുമാനത്തിന്റെ നാലിലൊന്ന് തടസ്സപ്പെടുകയും ഉപഭോക്താക്കൾ പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിലൊരിക്കൽ നടക്കുന്ന മീറ്റർ റീഡിംഗ് വൈകുന്നത് സ്ലാബ് മാറുന്നതിനും ഉപഭോക്താക്കൾക്ക് വലിയ തുക വൈദ്യുതി ബില്ലായി അടയ്ക്കേണ്ടി വരുന്നതിനും വഴിവെക്കും. ഇത് സർക്കാരിന്റെ 240 യൂണിറ്റ് വരെയുള്ള സബ്സിഡി ആനുകൂല്യം ലഭിക്കുന്നതിനെയും ബാധിച്ചേക്കാം.

കഴിഞ്ഞ നാല് വർഷമായി വേതന വർദ്ധനവ് നടപ്പിലാക്കിയിട്ടില്ലെന്നും നിലവിലെ വേതനം യാത്രക്കൂലിക്ക് പോലും തികയുന്നില്ലെന്നുമാണ് മീറ്റർ റീഡർമാരുടെ പരാതി. ഗ്രാമീണ മേഖലകളിൽ ഒരു റീഡിംഗിന് ഏകദേശം 13 രൂപയും നഗരപ്രദേശങ്ങളിൽ 5 രൂപയുമാണ് ഇവർക്ക് ലഭിക്കുന്നത്. മാസത്തിൽ ശരാശരി 23,000 രൂപ വരുമാനമുള്ള ജീവനക്കാർ, വേതന വർദ്ധനവിൽ മന്ത്രിതല ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശമ്പളം വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതർ.

+ There are no comments

Add yours