മുംബൈ: വിവിധ വായ്പകൾ എടുത്ത ഉപഭോക്താക്കൾക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് (RBI) പലിശ നിരക്കുകൾ ഉയർത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 5.5 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ ഭവന, വാഹന വായ്പകൾ ഉൾപ്പെടെയുള്ള എല്ലാ വായ്പകളുടെയും പലിശ നിരക്കുകൾ ഉയർന്നേക്കും. റിസർവ് ബാങ്ക് പണനയ കമ്മിറ്റി യോഗ തീരുമാനങ്ങൾ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പ്രഖ്യാപിച്ചത്.
നേരത്തെ 5.25 ശതമാനമായിരുന്ന റിപ്പോ നിരക്കാണ് ഇപ്പോൾ 5.5 ശതമാനത്തിലേക്ക് ഉയർത്തിയത്. ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ആർ.ബി.ഐ നടപടി. കൂടാതെ, അന്താരാഷ്ട്ര തലത്തിൽ തുടരുന്ന വ്യാപാര അനിശ്ചിതത്വങ്ങളും തളർച്ചയും തീരുമാനത്തിന് കാരണമായി.
ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ആഗോള വിതരണ ശൃംഖലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആർ.ബി.ഐ ഗവർണർ ചൂണ്ടിക്കാട്ടി. ഈ ബാഹ്യ വെല്ലുവിളികളും ആഭ്യന്തര പണപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്താണ് റിപ്പോ നിരക്ക് വർദ്ധിപ്പിക്കാൻ പണനയ കമ്മിറ്റി തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours