തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിനായി ചിപ്സൺ ഏവിയേഷൻ കമ്പനിയുമായുണ്ടാക്കിയ കരാർ ഇനി പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ ഇൻവോയ്‌സ് സർക്കാർ ലോകായുക്തയിൽ ഹാജരാക്കി.
ഹെലികോപ്റ്റർ ഉപയോഗവുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും പ്രോസിക്യൂഷൻ ലോകായുക്തയെ അറിയിച്ചു. ഈ കേസ് പരിഗണിക്കുന്നത് നവംബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ നൽകിയ മറ്റൊരു ഹർജി ലോകായുക്ത തള്ളി.
കരാർ കാലാവധി അവസാനിച്ചപ്പോൾ അത് പുതുക്കണമെന്ന് മുൻപ് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. പുതിയ ടെൻഡറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ നിലവിലെ കരാർ തുടരുന്നതാണ് ഉചിതമെന്നുമായിരുന്നു വിലയിരുത്തൽ. ഇതിനുപുറമെ, കരാർ അവസാനിച്ച സാഹചര്യത്തിൽ മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ ആവശ്യാനുസരണം സർവീസ് നടത്താമെന്ന് ചിപ്സൺ കമ്പനിയും അറിയിച്ചിരുന്നു. ഈ നിർദേശങ്ങൾ നിലനിൽക്കെയാണ് കരാർ പുതുക്കേണ്ടതില്ലെന്ന അന്തിമ നിലപാടിലേക്ക് സർക്കാർ എത്തിയത്.




+ There are no comments
Add yours