കർത്തയുടെ ഡയറി വിവാദം ബി.ജെ.പിയിൽ പുകയുന്നു; ഷോൺ ജോർജിന്റെ വാർത്താസമ്മേളനത്തിൽ കടുത്ത അമർഷം

Estimated read time 1 min read

സി.എം.ആർ.എൽ (CMRL) എം.ഡി ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പുകളുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പിയിൽ ആഭ്യന്തര ഭിന്നതയ്ക്ക് വഴിവെക്കുന്നു. വിഷയത്തിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നടത്തിയ വാർത്താസമ്മേളനം അനുചിതമായിപ്പോയെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ. സംസ്ഥാന അധ്യക്ഷന്റെ അറിവോടെയാണ് ഷോൺ ജോർജ് മാധ്യമങ്ങളെ കണ്ടതെന്നാണ് ഇവരുടെ പ്രധാന ആരോപണം.

സംഭവത്തിൽ സംസ്ഥാന അധ്യക്ഷന്റെയും ഷോൺ ജോർജിന്റെയും ഇടപെടലുകളിൽ ദുരൂഹത ആരോപിച്ച് വി. മുരളീധരൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഷോൺ ജോർജിനെപ്പോലെയുള്ള ജൂനിയർ നേതാക്കളെ കർശനമായി നിയന്ത്രിക്കണമെന്ന് വി. മുരളീധരൻ പക്ഷവും കൃഷ്ണദാസ് പക്ഷവും ഒരുപോലെ ആവശ്യപ്പെടുന്നു. എന്നാൽ, വിവാദങ്ങൾ പാർട്ടിയെ ബാധിക്കാതെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയിരിക്കുന്ന നിർദേശം.

അതേസമയം, ശശിധരൻ കർത്തയുടെ ഡയറിയിൽ പരാമർശിച്ചിരിക്കുന്ന ‘മുരളീധരൻ’ താനല്ലെന്ന് വി. മുരളീധരൻ വ്യക്തമാക്കി. ബി.ജെ.പിയിൽ വേറെയും മുരളീധരന്മാരുള്ളതിനാൽ അത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തണം. സി.എം.ആർ.എല്ലിനെതിരെ നിരന്തരം സമരം ചെയ്തിട്ടുള്ള താൻ ആരോപണവിധേയരിൽ നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours