ഉത്തരേന്ത്യയിൽ അതിതീവ്ര മഴ: ഛത്തീസ്ഗഡിൽ ഒരാൾ മരിച്ചു; ഒഡീഷയിൽ പതിനായിരം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

Estimated read time 1 min read

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതികൾ രൂക്ഷമായ ഛത്തീസ്ഗഡിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് പതിനായിരത്തോളം ആളുകളെയാണ് സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.

ഛത്തീസ്ഗഡിലെ ബസ്തറിൽ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. മോശം കാലാവസ്ഥയെത്തുടർന്ന് ദന്തേവാഡ, ബസ്തർ, ബിജാപൂർ, കാങ്കർ, കൊണ്ടഗാവ്, ദുർഗ്, ധംതരി, ഗരിയാബന്ദ് എന്നീ എട്ട് ജില്ലകളിലെ സർക്കാർ-സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിലെ ത്രൈമാസ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ഛത്തീസ്ഗഡിൽ റായ്പൂർ, ബസ്തർ, ദുർഗ് എന്നീ ഡിവിഷനുകളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. അരുവികൾ കരകവിഞ്ഞൊഴുകിയതോടെ ഈ മേഖലകളിലെ റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ജഗ്ദൽപൂരിൽ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ദേശീയപാത-30ന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ റായ്പൂർ-ജഗ്ദൽപൂർ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ജഗ്ദൽപൂരിലൂടെ ഒഴുകുന്ന ഇന്ദ്രാവതി നദിയുടെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബസ്തർ കളക്ടർ ഉദ്യോഗസ്ഥർക്കും ഹോം ഗാർഡ്സ് കമാൻഡന്റിനും നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

+ There are no comments

Add yours