തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജി ആവശ്യം ശക്തമാകുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. നടപടിയുണ്ടായില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) തീരുമാനം. ഇതിനുപുറമെ സി.പി.ഐ, സി.പി.ഐ (എം), സി.പി.ഐ (എം.എൽ) എന്നീ ഇടതുപക്ഷ പാർട്ടികളും ഇന്ന് മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ആരംഭിക്കും.
കമ്മീഷന്റെ തീരുമാനങ്ങളിൽ മറ്റ് കമ്മീഷണർമാർ ഉന്നയിച്ച കടുത്ത വിയോജിപ്പുകൾ പുറത്തുവന്നതോടെ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെൻ്റ് നോട്ടീസ് നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ‘ഇന്ത്യ’ സഖ്യം. പ്രതിപക്ഷത്തിന് പുറമെ എൻ.ഡി.എ ഘടകകക്ഷികളും കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എസ്.ഐ.ആർ (SIR) നടപടികളിലെ ആശയക്കുഴപ്പത്തിൽ കമ്മീഷൻ വ്യക്തത വരുത്തണമെന്ന് ബിഹാറിലെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച ആവശ്യപ്പെട്ടു. കമ്മീഷൻ കൃത്യമായ വിശദീകരണം നൽകുന്നത് ജനവിശ്വാസം ശക്തിപ്പെടുത്തുമെന്ന് ടി.ഡി.പിയും, ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾക്ക് ഇടനൽകരുതെന്ന് കേന്ദ്രമന്ത്രിയും എൽ.ജെ.പി അധ്യക്ഷനുമായ ചിരാഗ് പാസ്വാനും പ്രതികരിച്ചു.
വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമാകുമ്പോഴും മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറെ പൂർണമായും പിന്തുണയ്ക്കുകയും ന്യായീകരിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. ഇതിനിടെ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോവുകയാണ്.




+ There are no comments
Add yours