വോട്ടർപ്പട്ടികയിലെ ക്രമക്കേട് മുതൽ കമ്മീഷനിലെ ഭിന്നത വരെ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിവാദങ്ങളിങ്ങനെ

Estimated read time 1 min read

2025 ഫെബ്രുവരിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റതുമുതൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. വോട്ടർപ്പട്ടികയിൽ നിന്ന് കൂട്ടത്തോടെ പേര് ഒഴിവാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുതൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നത വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതിനെത്തുടർന്നാണ് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ഈ സ്ഥാനത്തെത്തിയത്.

വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടാണ് കമ്മീഷനെതിരെ പ്രധാനമായും പരാതികൾ ഉയർന്നത്. കർണാടകയിലെ ആലന്ദ്, മഹാദേവപുര മണ്ഡലങ്ങളിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്നും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സി.ഐ.ഡി സംഘം ആവശ്യപ്പെട്ട വിവരങ്ങൾ കമ്മീഷൻ പൂഴ്ത്തിവെച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലും ബിഹാറിലും സമാനമായ രീതിയിൽ വോട്ടർപ്പട്ടികയിൽ അട്ടിമറി നടന്നതായി ആരോപണമുയർന്നു. ബിഹാറിൽ എസ്.ഐ.ആർ (SIR) പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടന്നത്. പശ്ചിമ ബംഗാളിൽ 27 ലക്ഷത്തോളം പേരെ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തതാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും പഴയ പട്ടിക ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് മമത ബാനർജിയുടെ ആവശ്യം. പ്രതിപക്ഷ വോട്ടുകൾ ഇല്ലാതാക്കാൻ ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എമ്മുകളിൽ കൃത്രിമത്വം കാണിച്ചതായി ആരോപിച്ച പ്രതിപക്ഷം ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ‘ഇന്ത്യ’ മുന്നണി നേതാക്കൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടെയാണ് കമ്മീഷനുള്ളിലെ ഐക്യമില്ലായ്മയും പുറത്തുവന്നത്. വോട്ടർപ്പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നും, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇതിൽ ഔദ്യോഗിക ഫയലുകളിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടുകൾ. വിവാദങ്ങൾ കനക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ഒറ്റക്കെട്ടായ ആവശ്യത്തിലാണ് പ്രതിപക്ഷം.

+ There are no comments

Add yours