ചെന്നൈ: താൻ ജനങ്ങളുടെ വേലക്കാരനാണെന്നും അവർക്ക് നല്ലത് ചെയ്യാനാണ് അധികാരത്തിൽ വന്നതെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മധുരാന്തകത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും ബി.ജെ.പിക്കുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് മുഖ്യമന്ത്രി വേദിയിൽ ഉന്നയിച്ചത്.
പ്രചാരണ വേദിയിലെ പ്രധാന പരാമർശങ്ങൾ:
- ജനങ്ങളുടെ വേലക്കാരൻ: മുഖ്യമന്ത്രിയെന്നത് ജനങ്ങളുടെ മുതലാളിയല്ല, മറിച്ച് വേലക്കാരനാണ്. എന്നാൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെയും സ്വയം ജനങ്ങളുടെ മുതലാളിമാരാണെന്നാണ് കരുതുന്നത്. ടി.വി.കെ സർക്കാർ കടമെടുക്കുന്നത് ജനങ്ങൾക്ക് നല്ലത് ചെയ്യാനാണ്, അല്ലാതെ അഴിമതി നടത്താനല്ല. ജനങ്ങളുടെ പണം കവരുന്ന ഒരാളെയും സർക്കാർ വെറുതെ വിടില്ല.
- ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ബാന്ധവം: മുൻ മുഖ്യമന്ത്രി ജയലളിതയെ അവഹേളിച്ചവർക്കൊപ്പമാണ് എ.ഐ.എ.ഡി.എം.കെ സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചത്. നിലവിൽ ബി.ജെ.പിയുടെ ബ്രാഞ്ചായ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെയുടെ സബ് ബ്രാഞ്ചായി അധഃപതിച്ചു. എം.ജി.ആറിനും ജയലളിതയ്ക്കും ഉണ്ടായിരുന്ന അതേ ശത്രു തന്നെയാണ് ഇപ്പോൾ തനിക്കുമുള്ളത്, അത് ഡി.എം.കെയാണ്.
- പ്രതിപക്ഷ ബഹളം: അഴിമതികൾ ജനങ്ങളറിയണം എന്നുള്ളതുകൊണ്ടാണ് നിയമസഭയിൽ താൻ കാര്യങ്ങൾ തുറന്നുപറഞ്ഞത്. എന്നാൽ എന്ത് പറഞ്ഞാലും ബഹളമുണ്ടാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.
- ബി.ജെ.പിക്കെതിരെ: ബി.ജെ.പി വരുമെന്ന് പറഞ്ഞ് ഡി.എം.കെ ജനങ്ങളെ നിരന്തരം ഭയപ്പെടുത്തി. എന്നാൽ തമിഴ്നാട്ടിൽ ബി.ജെ.പി ഇപ്പോൾ ഒന്നുമല്ലാതായി മാറി. ഡൽഹിയിലെ ഡി.എം.കെയാണ് ബി.ജെ.പി, തമിഴ്നാട്ടിലെ ബി.ജെ.പിയാണ് ഡി.എം.കെ. സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെയാകണം ഓരോ വോട്ടുമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.




+ There are no comments
Add yours