മാസപ്പടി ഡയറി വിവാദം: ഷോൺ ജോർജിന്റെ എടുത്തുചാട്ടം ബി.ജെ.പിയെ വെട്ടിലാക്കി; അടിയന്തര യോഗം വിളിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Estimated read time 0 min read

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി വിവാദത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നടത്തിയ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തന്നെ വലിയ തിരിച്ചടിയായതോടെ ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയ പ്രധാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരുൾപ്പെടുന്ന സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം ഷോൺ ജോർജ് പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇതേ ഡയറിയിൽ വി. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കളുടെ പേരുകളും അവർ കൈപ്പറ്റിയ തുകയുടെ വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് പാർട്ടിയെ വെട്ടിലാക്കിയത്. മുതിർന്ന നേതാക്കളോട് യാതൊരു കൂടിയാലോചനയും നടത്താതെ മാരാർജി ഭവനിൽ വെച്ച് ഷോൺ ജോർജ് നടത്തിയ പത്രസമ്മേളനം വലിയ എടുത്തുചാട്ടമായിപ്പോയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം.

മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർന്നിരുന്ന പൊതുജന ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഷോൺ ജോർജിന്റെ ഈ നടപടി ഉപകരിച്ചുള്ളൂവെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഷോണിന്റെ നീക്കത്തിൽ വി. മുരളീധരൻ വിഭാഗത്തിനും കൃഷ്ണദാസ് പക്ഷത്തിനും കടുത്ത അമർഷമുണ്ട്. ബി.ജെ.പി നേതാക്കൾക്ക് പുറമെ ആർ.എസ്.എസും ചില പോഷക സംഘടനകളും പണം കൈപ്പറ്റിയെന്ന വിവരങ്ങളും ഡയറിയിലൂടെ പുറത്തുവന്നിട്ടുണ്ട്.

+ There are no comments

Add yours