കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഈ കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് രണ്ടാം പ്രതി. റിപ്പോർട്ടർ ടി.വി ഓഫീസിലെ റെയ്ഡിന് പിന്നാലെ ആന്റോയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാൽ, നിലവിൽ പ്രതിയെ ചോദ്യം ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ഡോളർ തിരികെ നൽകണമെന്ന് ആവശ്യം: അതിനിടെ, പരിശോധനയ്ക്കിടെ അന്വേഷണ സംഘം പിടിച്ചെടുത്ത വിദേശ നാണയം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ എസ്.ഐ.ടി നടത്തിയ റെയ്ഡിൽ 6300 യു.എസ് ഡോളർ പിടിച്ചെടുത്തിരുന്നു. ഒരു വ്യക്തിക്ക് നിയമപരമായി കൈവശം വെക്കാവുന്ന പരിധിയിലും കൂടുതലാണിത്.
പിടിച്ചെടുത്ത ഡോളർ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഡോളറിന്റെ സ്രോതസ്സ് സംബന്ധിച്ച അന്വേഷണം നിലവിൽ പുരോഗമിക്കുകയാണെന്നും അതിനാൽ തുക തിരികെ നൽകാനാകില്ലെന്നുമാണ് പോലീസിന്റെ നിലപാട്. വിദേശ നാണയം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായനികുതി വകുപ്പിനും കൈമാറിയതായും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.




+ There are no comments
Add yours