കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിലെ റെയ്ഡിൽ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന ആവശ്യവുമായി റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചു. എന്നാൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാൽ ഈ ഡോളർ ഇപ്പോൾ തിരികെ നൽകാനാകില്ലെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി).
റിപ്പോർട്ടർ ടി.വിയുടെ ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് 6300-ഓളം ഡോളർ അന്വേഷണസംഘം കണ്ടെടുത്തത്. ഈ പണം എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായനികുതി വകുപ്പിനും എസ്.ഐ.ടി നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിലെ തുടർപരിശോധനകൾ ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഡോളർ വിട്ടുനൽകാൻ അന്വേഷണ സംഘം വിസമ്മതിക്കുന്നത്.
അതേസമയം, കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. റെയ്ഡിന് പിന്നാലെ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി നടപടികൾ വേഗത്തിലാക്കുന്നതിനിടെയാണ് അദ്ദേഹം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.




+ There are no comments
Add yours