തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പോൺസേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മംഗലാപുരത്തേക്കും മലപ്പുറത്തേക്കും മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.എൽ.എമാർ പോലും ഈ നടപടിയെ എതിർക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അവർ തന്നെ ആവശ്യപ്പെടുമ്പോഴും, യാത്രകൾ തുടരുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തെ വലിയ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനേ ഉപകരിക്കൂ എന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
ചാർട്ടേഡ് വിമാനയാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനാകാതെ അദ്ദേഹം വാർത്താസമ്മേളനങ്ങളിൽ നിന്ന് ഇറങ്ങിപ്പോകുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ ഈ തെറ്റായ നടപടികളെ ശക്തമായി എതിർക്കുമെന്നും, ജനങ്ങൾ തന്നെ അദ്ദേഹത്തെ തിരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഒളിച്ചുവെക്കാൻ മറ്റ് താല്പര്യങ്ങളൊന്നുമില്ലെങ്കിൽ സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. എം.ഡി.എം.എ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ചിലർ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ നിലനിൽക്കുന്ന ദുരൂഹതകൾ മാറണമെങ്കിൽ മുഖ്യമന്ത്രി സത്യാവസ്ഥ ജനങ്ങളോട് തുറന്നുപറയാൻ തയ്യാറാകണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.




+ There are no comments
Add yours