കോട്ടയം: മോനിപ്പള്ളി വാഴക്കുളത്തുനിന്ന് കൈതച്ചക്ക കയറ്റി ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രക്ക് മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു. മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ. നായർ (38) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷിന് (42) ഗുരുതരമായി പരുക്കേറ്റു.
മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിയിൽ മന്ദ്സൗർ ഭാൻപുര ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ട്രെയിലർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകടം കണ്ടെത്തിയ നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ മലയാളി അസോസിയേഷൻ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



+ There are no comments
Add yours