യുഎഇയിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴ സാധ്യതയും; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നല്കി.. ഇന്ന് മുതല്‍ ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വടക്കൻ, കിഴക്കൻ മേഖലകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ദിശയില്‍ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് വീശുന്ന കാറ്റിന് സാധാരണ 10 മുതല്‍ 25 കി.മീ വരെ വേഗതയുണ്ടാകും. എന്നാല്‍, മേഘാവൃതമായ സമയങ്ങളിലാണ് കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കി.മീ വരെയായി ഉയരുക. ഇത് പൊടിപടലങ്ങള്‍ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തില്‍ ഈർപ്പം 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ, ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാം. അറേബ്യൻ ഗള്‍ഫില്‍ കടല്‍ ശാന്തമായിരിക്കും. അബൂദബിയിലും ഷാർജയിലും ഇന്ന് ഉയർന്ന താപനില 35°C വരെയായിരിക്കും. ദുബൈയില്‍ 34°Cഉം ഫുജൈറയില്‍ 33°C ഉം ആയിരിക്കും ഉയർന്ന താപനില. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ വേഗത കുറച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.






+ There are no comments
Add yours