തൃഷക്കെതിരായ ദ്വയാർഥ പരാമർശം: ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ,

Estimated read time 0 min read

നടി തൃഷയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്രാസ് ഹൈക്കോടതി ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നടപടി. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തഞ്ചാവൂർ പൊലീസ് നടപടി സ്വീകരിച്ചത്.

അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും, ജാമ്യം ലഭിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടത്തിയ പൊതുസമ്മേളനത്തിനിടെയാണ് വിവാദത്തിന് വഴിവെച്ച പ്രസംഗം നടന്നത്. മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിമർശിച്ച് സംസാരിക്കവെ ആൾക്കൂട്ടത്തിൽ നിന്ന് ചിലർ നടി തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് തൃഷയെയും വിജയിയെയും അപമാനിക്കുന്ന തരത്തിൽ ഉദയനിധി ദ്വയാർഥ പ്രയോഗം നടത്തിയത്. പിന്നാലെ അത് തമാശയായി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയകക്ഷികളുംസാമൂഹിക സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ടിവികെ നേതൃത്വം ഉദയനിധിയുടെ പരാമർശത്തെ “അറപ്പുളവാക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതുമാണ്” എന്ന് വിമർശിച്ചു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ച് പുരോഗമിക്കുമെന്നാണ് സൂചന.

+ There are no comments

Add yours