ടിവികെ മന്ത്രിസഭയിൽ അഴിച്ചുപണി; വിവാദ മന്ത്രിമാർ പുറത്തേക്ക്; പുതുമുഖങ്ങൾക്കും സാധ്യത
ചെന്നൈ : മന്ത്രിമാരുടെ പ്രവർത്തനവും വകുപ്പുകളുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം ടിവികെ സർക്കാർ മന്ത്രിസഭയിൽ വ്യാപക അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി സൂചന. വിവാദങ്ങളിൽപ്പെട്ട ചില മന്ത്രിമാരെ ഒഴിവാക്കുകയും, പ്രകടനം തൃപ്തികരമല്ലാത്ത മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്യാനാണ് നീക്കം. ബജറ്റ് സമ്മേളനം അവസാനിച്ചതിന് പിന്നാലെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച നിർണായക യോഗം നടന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അണ്ണാഡിഎംകെയിൽ നിന്ന് രാജിവെച്ച സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ എന്നിവർക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വീഡിയോ വിവാദത്തിൽപ്പെട്ട മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, ടിവികെ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സാമൂഹിക ക്ഷേമ മന്ത്രി കെ. ജഗദീശ്വരി, വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെട്ട ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ. പ്രഭു എന്നിവരാണ് മന്ത്രിസഭയിൽ നിന്ന് പുറത്താകാൻ സാധ്യതയുള്ളവരെന്നാണ് സൂചന.
പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കോൺഗ്രസ് മന്ത്രി പി. വിശ്വനാഥന്റെയും ഭാവി അനിശ്ചിതമാണെന്നാണ് വിവരം. പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭാ സീറ്റ് നൽകിയ സാഹചര്യത്തിൽ കോൺഗ്രസിന് നൽകിയ ഒരു മന്ത്രിസ്ഥാനം തിരിച്ചെടുക്കുന്ന കാര്യവും മുന്നണി നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ടിവികെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരായ എസ്. കീർത്തനയുടെയും എസ്. കമാലിയുടെയും വകുപ്പുകളിലും മാറ്റം വരുത്താൻ ആലോചനയുണ്ട്. നിലവിൽ കീർത്തന വ്യവസായ വകുപ്പും കമാലി മൃഗസംരക്ഷണ വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ് കുമാറിനെ ടൂറിസം വകുപ്പിൽ നിന്ന് കൂടുതൽ പ്രാധാന്യമുള്ള വകുപ്പിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് അണ്ണാഡിഎമ്മിൽ നിന്ന് എത്തിയ എംഎൽഎമാർ സമ്മർദം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൈക്കൊള്ളും.





+ There are no comments
Add yours