ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നു…

Estimated read time 1 min read

ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നു

ഡൽഹി ചൈനയുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും തടയിടാൻ ഭാരത നിർമ്മിത ‘ബ്രഹ്മോസ്’ (BrahMos) സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പീൻസിന് വൻ കരുത്താകുന്നതായി ഇന്ത്യയിലെ ഫിലിപ്പീൻസ് അംബാസഡർ ജോസെൽ എഫ്. ഇഗ്നാസിയോ. ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ബ്രഹ്മോസിന് സാധിക്കുന്നുണ്ടെന്നും ഭാവിയിലെ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യ തന്നെയാണ് ഫിലിപ്പീൻസിന്റെ പ്രധാന പങ്കാളിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഫിലിപ്പീൻസ്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ കുതിക്കുന്ന ബ്രഹ്മോസ്, ശത്രുക്കളുടെ ആക്രമണ പദ്ധതികളെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. “ഒരു ആക്രമണകാരിക്ക് മേൽ വൻ പ്രഹരമേൽപ്പിക്കാൻ ബ്രഹ്മോസിന്റെ വേഗതയ്ക്കും ദൂരപരിധിക്കും സാധിക്കും. ഫിലിപ്പീൻസിന്റെ പ്രതിരോധ തന്ത്രങ്ങളിൽ വലിയൊരു മാറ്റമാണ് ബ്രഹ്മോസ് കൊണ്ടുവന്നത്”– ഇഗ്നാസിയോ പറഞ്ഞു. 2022-ൽ ഒപ്പുവെച്ച 375 മില്യൺ ഡോളറിന്റെ ചരിത്ര കരാറിന്റെ അടിസ്ഥാനത്തിൽ 2024 ഏപ്രിലിൽ ഇന്ത്യ ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറിയിരുന്നു. ഇന്ത്യൻ പ്രതിരോധ നിർമ്മാണ മേഖല കൈവരിച്ച വിപ്ലവാത്മക വളർച്ച ഫിലിപ്പീൻസ് സൈന്യത്തെ വലിയ രീതിയിൽ ആകർഷിച്ചിട്ടുണ്ട്. തങ്ങളുടെ ഭാവി പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ‘ഷോപ്പിംഗ് ലിസ്റ്റ്’ തയാറാക്കുമ്പോൾ പരമ്പരാഗത പങ്കാളികൾക്കൊപ്പം ഇന്ത്യയും ഒന്നാമതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിലിപ്പീൻസ് സമാധാനഗ്രഹിയായ രാജ്യമാണെങ്കിലും സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ അത്യാവശ്യമാണെന്നും ബ്രഹ്മോസ് ആ സുരക്ഷയാണ് നൽകുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ സൈനിക ഉപകരണങ്ങൾ ഫിലിപ്പീൻസ് വാങ്ങും.

+ There are no comments

Add yours