യുദ്ധം : എണ്ണവില ഉയരുന്നു; ലോകവിപണിയില്‍ ആശങ്ക…

Estimated read time 1 min read

യുദ്ധം : എണ്ണവില ഉയരുന്നു; ലോകവിപണിയില്‍ ആശങ്ക

പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധഭീതിയിലാഴ്ത്തി ആക്രമണ-പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി അമേരിക്കയും ഇറാനും, ഇതിന്റെ അടിസ്ഥാനത്തിൽ.
സംഘര്‍ഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്നോളം ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.ഈ പാത ദീര്‍ഘകാലം തടസ്സപ്പെട്ടാല്‍ ഇന്ധനവിലയും ചരക്കുകടത്ത് ചെലവും ആഗോള പണപ്പെരുപ്പവും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

‘അമേരിക്കയെ പാഠം പഠിപ്പിക്കുമെന്ന് ഇറാന്‍

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ നേതൃത്വം മുന്നറിയിപ്പ് നല്‍കി. യു.എസ്. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ പൂര്‍ണതോതിലുള്ള സൈനിക നടപടി പുനരാരംഭിക്കുമെന്ന് ഇറാന്റെ മുതിര്‍ന്ന സൈനിക നേതാക്കളും വ്യക്തമാക്കി.ആക്രമണം തുടരുമെന്ന് ഇരുപക്ഷവും പ്രഖ്യാപിക്കുന്നതിനിടെ, ചര്‍ച്ചയ്ക്കുള്ള സാധ്യത പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍, ഓരോ ആക്രമണത്തിനും കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ സമ്പൂര്‍ണ യുദ്ധത്തിന്റെ വക്കിലാണെന്നാണ് വിലയിരുത്തല്‍.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ഗതാഗതം പ്രതിസന്ധിയില്‍

ലോകത്തെ എണ്ണക്കടത്തിന്റെ പ്രധാന കവാടമായ ഹോര്‍മുസ് കടലിടുക്കും സംഘര്‍ഷത്തിന്റെ കേന്ദ്രമായി. അനുമതിയില്ലാതെ കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകളെ തടഞ്ഞതായി ഇറാന്‍ അറിയിച്ചു. ഒമാന്‍ തീരത്തിനു സമീപം ഒരു കപ്പലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കപ്പലുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ശക്തമായതോടെ ഹോര്‍മുസിലൂടെയുള്ള എണ്ണ-ചരക്കുകപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുനേരെ അമേരിക്ക നിയന്ത്രണം ശക്തമാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി.

അഖാബ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍

ജോര്‍ദാനിലെ തുറമുഖ നഗരമായ അഖാബയിലുള്ള അമേരിക്കന്‍ സൈനിക സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ അറിയിച്ചു. നിരവധി മിസൈലുകള്‍ തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യം വ്യക്തമാക്കി.അഖാബ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ മിസൈലുകള്‍ അതിര്‍ത്തി കടന്ന് തങ്ങളുടെ പ്രദേശത്തേക്കെത്താനുള്ള സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങാനിടയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

കുവൈത്തിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ്

കുവൈത്തിലെ അലി അല്‍ സലീം വ്യോമതാവളവും ക്യാംപ് ഉദൈറിയിലെ സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ കേന്ദ്രങ്ങളും ആയുധപ്പുരകളും ആക്രമണലക്ഷ്യങ്ങളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. കുവൈത്ത്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും സജീവമാക്കി.

+ There are no comments

Add yours