*ആറാട്ടുപുഴ പൂരം പ്രശ്നോത്തരി മാർച്ച് 30 ഞായറാഴ്ച*
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്നോത്തരി മാർച്ച് 30 ഞായറാഴ്ച രാവിലെ 9ന് ഒറ്റഘട്ടമായി നടത്തുന്നു.
തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന കെ.പി .സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂരം പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്.
ആയിരത്തി നാനൂറ്റി നാല്പത്തി രണ്ട് വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ചരിത്രവും ക്ഷേത്രവിവരങ്ങളും ഉൾക്കൊള്ളുന്ന വിശദവിവരങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്ന് കൊടുക്കുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.
പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് പ്രശസ്തിപത്രവും ഉപഹാരവും ഏപ്രിൽ 3ന് വൈകുന്നേരം 6 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് സമ്മാനിക്കും.
ഇന്റർനാഷണൽ ക്വിസർ ആന്റ് ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് ആണ് പ്രശ്നോത്തരി നയിക്കുന്നത്.
*ശാസ്താവിന് കളഭാഭിഷേകം മാർച്ച് 30 ഞായറാഴ്ച*
ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ച് നടത്തി വരുന്ന കളഭാഭിഷേകം മാർച്ച് 30 ഞായറാഴ്ച രാവിലെ 9 മണിക്കാണ്.
ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. തുടർന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.
നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം, എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.
തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
ആറാട്ടുപുഴ പൂരം പ്രശ്നോത്തരി മാർച്ച് 30 ഞായറാഴ്ച

+ There are no comments
Add yours