മൊഴിയിൽ വ്യക്തതയില്ല; മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണക്കേസിൽ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

Estimated read time 0 min read

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തെങ്കിലും മൊഴിയിൽ വലിയ തോതിൽ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം വീണ്ടും വിളിപ്പിക്കുന്നത്.

രണ്ട് യുവാക്കൾ ഓഫീസിലെത്തിയാണ് വിവാഹം സംബന്ധിച്ച രേഖകൾ തന്റെ മൊബൈൽ ഫോണിലേക്ക് അയച്ചു നൽകിയതെന്നും, ആ ഫോൺ പിന്നീട് നടന്ന റെയ്ഡിൽ അന്വേഷണസംഘം പിടിച്ചെടുത്തെന്നുമാണ് ആന്റോ അഗസ്റ്റിൻ പൊലീസിന് നൽകിയ മൊഴി. ഈ രേഖകൾ കൈമാറിയ യുവാക്കൾ ആരാണെന്ന് കണ്ടെത്തുക എന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറിൽ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് ആന്റോ അഗസ്റ്റിൻ അറിയിച്ചെങ്കിലും, ഉടനടി എത്തിയില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് കർശന മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.

+ There are no comments

Add yours