‘പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടത്’; അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ തള്ളി കെ.സി. വേണുഗോപാൽ, തന്നെ പ്രതിയാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും വിമർശനം

Estimated read time 0 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യപ്രതികരണത്തെ പൂർണ്ണമായും തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രമാണ് ഉന്നയിക്കേണ്ടതെന്നും, അതിന് അവസരമില്ലെങ്കിൽ മുതിർന്ന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ വിയോജിപ്പുള്ളവരെ വെട്ടിനിരത്തി ഇല്ലാതാക്കുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നും, പരാതികൾ കേൾക്കേണ്ട വേദിയിൽ തന്നെ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് മാസമായി താൻ പൂർണ്ണമായും സർക്കാരിനൊപ്പമാണ് നിൽക്കുന്നത്. എന്നാൽ പാർട്ടിയിൽ എന്ത് പ്രശ്നമുണ്ടായാലും തന്നെ പ്രതിയാക്കാനാണ് ചിലരുടെ ശ്രമം. ചിലർക്ക് അതാണ് താല്പര്യമെന്നും കെ.സി. വേണുഗോപാൽ തുറന്നടിച്ചു. അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത കടുത്ത ഭിന്നതകൾക്കും വാക്പോരിനുമിടയിലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ ഈ പ്രതികരണം.

+ There are no comments

Add yours